Connect with us

Chayakkada

പരമ്പരയുറപ്പിക്കാന്‍ ഇന്ത്യ

Sports

പരമ്പരയുറപ്പിക്കാന്‍ ഇന്ത്യ

പോര്ട്ട് എലിസബത്ത്: ജൊഹാനസ്ബര്ഗില് നാലാം മത്സരത്തില് കാട്ടിയ അബദ്ധങ്ങള്ക്ക് പ്രായശ്ചിത്തംചെയ്ത് ഏകദിന ക്രിക്കറ്റ് പരമ്പര ഉറപ്പിക്കാന് വിരാട് കോലിയുടെ ഇന്ത്യന് സംഘം ശിവരാത്രിനാളില് സെയ്ന്റ് ജോര്ജസ് പാര്ക്കില് കച്ചകെട്ടും. ആദ്യ മൂന്നു മത്സരത്തിലും ആതിഥേയരായ ദക്ഷിണാഫ്രിക്കയെ വ്യക്തമായ മാര്ജിനില് തോല്പ്പിച്ച ഇന്ത്യ നാലാം മത്സരത്തില് മുട്ടുമടക്കി.

ഈ തോല്വി എത്രത്തോളം ഇന്ത്യയുടെ വാശികൂട്ടും അല്ലെങ്കില് എത്രത്തോളം ആതിഥേയരെ പ്രചോദിപ്പിച്ചു എന്നത് അഞ്ചാം മത്സരത്തിലറിയാം. മഴമൂലം തടസ്സപ്പെട്ട്, ഡക്ക്വര്ത്ത് ലൂയിസ് നിയമപ്രകാരം വിധിനിര്ണയിച്ച നാലാം മത്സരം ഇന്ത്യയുടെ കണ്ണുതുറപ്പിക്കുന്നതായി.

അഞ്ചാം മത്സരത്തിലും മഴശല്യമുണ്ടാകുമെന്നാണ് പ്രവചനം. മഴസാധ്യതയുള്ള മത്സരങ്ങളില് ടോസ് നേടിയ ടീം എതിരാളികളെ ബാറ്റിങ്ങിന് വിടുകയാണ് ചെയ്യാറ്. മഴമൂലം തടസ്സമുണ്ടായാല് ബാറ്റിങ്ങിനെ ബാധിക്കാനുള്ള സാധ്യതയും പുനഃക്രമീകരിക്കുന്ന ലക്ഷ്യം കണക്കുകൂട്ടി മറികടക്കാനുള്ള അവസരവും പരിഗണിച്ചാണിത്. ജൊഹാനസ്ബര്ഗില് ടോസ് നഷ്ടമായിട്ടും ആഗ്രഹിച്ചപോലെ ലക്ഷ്യം പിന്തുടരാന് കിട്ടിയ അവസരം പിങ്ക് ജേഴ്സിയില് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ശരിക്കും പ്രയോജനപ്പെടുത്തുകയായിരുന്നു.

ആത്മവിശ്വാസം നഷ്ടപ്പെട്ട് പരമ്പര 6-0ന് തോല്ക്കുമെന്ന് പേടിച്ച ആതിഥേയസംഘത്തിന് കിട്ടിയ ജീവവായുവായിരുന്നു ഈ വിജയം. ഹെന്റിച്ച് ക്ലാസന് എന്ന പുതിയ താരത്തിന്റെ ഉദയവും ഇതിലൂടെ കണ്ടു. സ്പിന്നര്മാരെ ഫലപ്രദമായി നേരിട്ട ക്ലാസന് ഇനിയുള്ള കളികളില് ഇന്ത്യക്ക് വെല്ലുവിളിയായേക്കാം. ഇന്ത്യന് ആക്രമണനിരയ്ക്ക് യോജിച്ച വേഗംകുറഞ്ഞ പിച്ചാണ് പോര്ട്ട് എലിസബത്തിലേത്. അതിനാല് ടീമില് കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന. ഉച്ചയ്ക്കുശേഷം പെയ്യാനിടയുള്ള മഴ കളിയെ സാരമായി ബാധിക്കില്ലെന്നാണ് റിപ്പോര്ട്ട്. പരിക്കിന്റെ പിടിയിലായ കേദാര് ജാദവ് തിരിച്ചെത്താത്തപക്ഷം മലയാളി താരം ശ്രേയസ്സ് അയ്യര് ആദ്യ ഇലവനില് സ്ഥാനം നിലനിര്ത്തും.

ദക്ഷിണാഫ്രിക്ക ലെഗ്സ്പിന്നര് ഇമ്രാന് താഹിറിനു പകരം ഇടങ്കയ്യന് സ്പിന്നര് ടബ്രെയ്സ് ഷംസിയെ കൊണ്ടുവന്നേക്കും. സെയ്ന്റ് ജോര്ജസ് പാര്ക്കില് ചരിത്രം ഇന്ത്യക്ക് എതിരാണ്. ഇവിടെ നടന്ന അഞ്ചു കളികളിലും ഇന്ത്യ തോറ്റു. ദക്ഷിണാഫ്രിക്ക 32 കളികളില് 11 എണ്ണം തോറ്റു. ആദ്യം ഫീല്ഡുചെയ്ത ടീമാണ് ഇവിടെ 17 തവണയും ജയിച്ചത്. അതിനാല്, ടോസ് ജയിക്കുന്ന ടീം ഫീല്ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യതയേറെ. വാണ്ടറേഴ്സില് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നോട്ടുള്ള പ്രയാണം മികച്ച ബൗളിങ്ങിലൂടെ ദുഷ്കരമാക്കാന് പാതിഘട്ടംവരെ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും പിന്നീട് കാര്യങ്ങള് കൈവിട്ടുപോയി.

രണ്ടാംവട്ടം മഴനിലച്ചശേഷം ബൗള് ചെയ്യുമ്പോള് ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്മാര്ക്ക് വേണ്ടവിധം കയ്യൊതുക്കം (ഗ്രിപ്പ്) കിട്ടാതെവന്നത് പ്രശ്നമായി. ചാഹല് എറിഞ്ഞ 17-ാം ഓവര് വഴിത്തിരിവായി. ആദ്യപന്തില് അപകടകാരിയായ ഡേവിഡ് മില്ലറെ ക്യാച്ചുചെയ്ത് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനു പിന്നാലെ മില്ലറെ ക്ലീന് ബൗള് ചെയ്ത മൂന്നാം പന്ത് നോ ബോള് ആവുകയും ചെയ്തതോടെയാണ് കളി തിരിയുന്നത്.

തൊട്ടടുത്ത ഓവറില് പാണ്ഡ്യയുടെ ആദ്യ മൂന്നു പന്തും ബൗണ്ടറികടത്തി മറുപടിനല്കിയ മില്ലര് ഒപ്പമുണ്ടായിരുന്ന ക്ലാസനും ആവേശം പകര്ന്നു. സ്പിന്നര്മാര്ക്ക് രക്ഷയില്ലെന്ന് മനസ്സിലാക്കി പേസര്മാരെ ആക്രമണത്തിനിറക്കാതിരുന്നതും വിനയായി.

സാധ്യതാ ടീം – ഇന്ത്യ: രോഹിത്, ധവാന്, കോലി (ക്യാപ്റ്റന്), രഹാനെ, അയ്യര്/ജാദവ്, ധോനി, പാണ്ഡ്യ, ഭുവനേശ്വര്, കുല്ദീപ്, ബുംറ, ചാഹല്. ദക്ഷിണാഫ്രിക്ക: അംല, മാര്ക്രം (ക്യാപ്റ്റന്), ഡുമിനി, ഡിവില്ലിയേഴ്സ്, മില്ലര്, ക്ലാസന്, ബെഹാര്ഡിയന്/മോറിസ്, ഫെഹ്ലുക്വായോ, റബാഡ, മോര്ക്കല്, താഹിര്/ഷംസി.

Content Highlights: India vs South Africa Fifth ODI

Continue Reading
Comments

More in Sports

To Top