Connect with us

Chayakkada

പെരുമഴക്കാലത്തെ ഡിങ്കമതം; മുരളീ തുമ്മാരുകുടി എഴുതുന്നു

Social Media

പെരുമഴക്കാലത്തെ ഡിങ്കമതം; മുരളീ തുമ്മാരുകുടി എഴുതുന്നു

ഈ പെരുമഴക്കാലത്തെ ദുരന്തം എല്ലാം വർഷങ്ങൾ മുൻപേ തന്നെ പ്രവചിച്ചതിനാൽ “താങ്കൾ വാസ്തവത്തിൽ ലോർഡ് ഡിങ്കൻ” തന്നെ ആണോ എന്ന ചോദ്യം ചോദിച്ചവർ ഉണ്ട്. അതിന് ഞാൻ തൽക്കാലം ഉത്തരം പറയുന്നില്ല.

പക്ഷെ ഉത്തരം പറയേണ്ട ഒരു ചോദ്യം ഉണ്ട്. ഐക്യ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നമ്മളെ ബാധിച്ചപ്പോൾ ഡിങ്കോയിസ്റ്റുകൾ എന്ത് ചെയ്യുകയായിരുന്നു ?.

ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത ഒരു ദുരന്തം കേരളത്തെ പൊതിഞ്ഞപ്പോൾ, ഔദ്യോഗിക സംവിധാങ്ങൾ ഉൾപ്പടെ എല്ലാവരും ഒരു നിമിഷം സ്തബ്ധരായപ്പോൾ, കേരളത്തിനകത്തുള്ള യുവഡിങ്കോയിസ്റ്റുകൾ മൊത്തമായി മാളങ്ങളിൽ നിന്നും പുറത്തു വന്നതും രക്ഷാ പ്രവർത്തനങ്ങളിൽ വ്യാപകമായി ഇടപെട്ടതും ആധുനിക കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇപ്പോളും കേരളത്തിൽ അങ്ങോളം ഇങ്ങോളം ദുരന്തബാധിത പ്രദേശങ്ങളിൽ എങ്ങും ഭക്ഷണം നൽകാനും വീടുകൾ വൃത്തിയാക്കാനും അവർ മുന്നിലുണ്ട്. “ആത്മ പ്രശംസ ഞങ്ങൾക്ക് തീരെ ഇഷ്ടമല്ലാത്തതിനാലും, ഒരു നല്ല കാര്യം ചെയ്യുമ്പോൾ ഞങ്ങൾ ഡിങ്കോയിസ്റ്റാണെന്ന കൊടി തോരണങ്ങളോ ആട ആഭരണങ്ങളോ ഞങ്ങൾ ഉപയോഗിക്കാത്തതിനാൽ ആ വിവരം ആരും അറിയുന്നില്ല എന്നേ ഉള്ളൂ, അതാണ് ഞങ്ങളുടെ ആഗ്രവും.

ദുരന്തകാലത്ത് കേരളത്തിനകത്തും പുറത്തുമുള്ള മാളത്തിന് പുറത്തിറങ്ങാതെ ഡിങ്കോയിസത്തിലെ ഉന്നത പുരോഹിതന്മാർ ഉൾപ്പടെ ഉള്ളവർ രക്ഷാപ്രവർത്തനം ഏകോപിക്കുകയായിരുന്നു എന്നുള്ളതും വസ്തുതയാണ്.

ഇനിയിപ്പോൾ വേണ്ടത് മൂന്നു കാര്യങ്ങൾ ആണ്.

ഒന്നാമത് ഈ പെരുമഴക്കാലത്ത് കേരളത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി സമൂഹത്തിന് വ്യക്തമായ ഒരു ബോധം വരണം. ഇതാരെയും കുറ്റപ്പെടുത്താൻ ഒന്നുമുള്ളതല്ല, മറിച്ച് ഇന്നലത്തെ തെറ്റുകൾ അറിഞ്ഞാലേ നാളെ അത് അവർത്തിക്കാതിരിക്കൂ. ചിരപുരാതനം ആണെങ്കിലും നിത്യനൂതന മതം ആണല്ലോ ഡിങ്കോയിസം. അതിനാൽ ഇത്തരം ദുരന്തങ്ങൾ വിധിയാണെന്നോ ദൈവകോപം ആണെന്നോ ഒക്കെ ഉള്ള മണ്ടൻ ചിന്തകൾ ഒന്നും ഞങ്ങൾക്ക് ഇല്ല. സംഭവിച്ചതിനും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും ഇനി സംഭവിക്കാൻ പോകുന്നതിനും ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ട്. അത് കണ്ടു പിടിക്കേണ്ടത് ശാസ്ത്രബോധം ഉള്ള ഒരു സമൂഹത്തിന് അത്യന്താപേക്ഷിതം ആണ്. ദുരന്തം വന്നപ്പോൾ എവിടെ ഒക്കെ പ്രവർത്തനങ്ങൾക്ക് ഗ്ലാനി സംഭവിച്ചോ അവിടെ ഒക്കെ ഡിങ്കോയിസ്റ്റുകൾ പ്രത്യക്ഷപ്പെട്ട പോലെ ഈ പെരുമഴക്കാലത്ത് സഭാവിച്ചതെന്തും ശാസ്ത്രീയമായി വിശകലനം ചെയ്യാൻ വേണമെങ്കിൽ ഡിങ്കോയിസ്റ്റുകളുടെ ഒരു സംഘം പുറത്തിറങ്ങും. ഈ വിഷയത്തിൽ ശാസ്ത്രീയമായി ഒരു ക്ളോഷർ ഉണ്ടാക്കിയിട്ടേ ഡിങ്കോയിസ്റ്റുകൾ ഇനി മാളത്തിലേക്ക് മടങ്ങൂ.

രണ്ടാമത്തേത് സമൂഹത്തിന്റെ സ്വാന്തനം ആണ്. പ്രളയത്തിൽ ഉൾപ്പെട്ടവരും അല്ലാത്തവരും ആയ നമ്മുടെ സമൂഹം മുഴുവൻ ഈ ദുരന്തത്താൽ അടിമുടി കുലുക്കപ്പെട്ടിരിക്കയാണ്. ഇതിന്റെ മാനസിക ആഘാതം ചിലർക്ക് ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കും. ഓരോ മഴ വരുമ്പോഴും അകാരണമായി പേടിക്കുന്ന കുട്ടികളെ ഇനി നമുക്ക് കാണാം, ഈ മാനസിക ആഘാതം ഇപ്പോൾ തന്നെ ഉയർന്ന നിലയിൽ ഉള്ള ആത്മഹത്യാ നിരക്ക് കൂട്ടും. ഇതിനെതിരെ ഔദ്യോഗികവും അനൗദ്യോഗികവും ആയ സംഘങ്ങൾ ഏറെ പ്രവർത്തനം നടത്തുന്നുണ്ട്. പക്ഷെ അതിലൊക്കെ ഏറെയാണ് ഒരു മതം എന്ന രീതിയിൽ ഡിങ്കോയിസ്റ്റുകൾക്ക് ചെയ്യാവുന്ന സേവനം. കാരണം മാനസികമായി പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നതും മാനസിക വിദഗ്ദ്ധരുടെ സഹയാണ് തേടുന്നതും ഒക്കെ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ മോശമായിട്ടാണ് കരുതുന്നത്. പക്ഷെ ഈ വിഷയം ചർച്ച ചെയ്യാനായി പ്രത്യേകം ഡിങ്കമത കൂട്ടായ്മകൾ നടത്തുന്നതും മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിനായി കപ്പ നിവേദ്യം ഉൾപ്പടെ ഉള്ള വഴിപാടുകളും പ്രാർത്ഥനകളും നടത്തുന്നതും ഫലം ചെയ്യും. ശാസ്ത്രത്തിൽ അടിയുറച്ച വിശ്വാസം ഉള്ളതിനാൽ ആവശ്യം എന്ന് കണ്ടാൽ വിദഗ്ദ്ധരുടെ സഹായം തേടാനും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കാനും ഞങൾ ഡിങ്കോയിസ്റ്റുകൾക്ക് മടിയില്ല.

മൂന്നാമത്തെ കാര്യം കേരളതിന്റെ പുനർ നിർമ്മാണം ആണ്. പഴയ മാളങ്ങൾ പുതിയതായി നിർമ്മിക്കുന്ന ഒരു കേരളം അല്ല ഞങ്ങൾ വിഭാവനം ചെയ്യുന്നത് മറിച്ച് പുഴയോരം പോലെ സ്ഥിരം വെള്ളം കയറുന്നിടത്തും കുത്തനെ ഉള്ള മലഞ്ചെരുവുകളിലും ഒക്കെ ഉള്ള മാളങ്ങൾ ഇനി പുനർനിർമ്മിക്കുന്നത് അശാസ്ത്രീയമാണ് എന്ന് ഞങ്ങൾക്ക് അറിയാം. മറ്റുള്ള പ്രദേശങ്ങളിൽ മാളങ്ങൾ നിർമ്മിക്കുമ്പോൾ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മാത്രമല്ല സുനാമി മുതൽ ഭൂമി കുലുക്കം വരെ ഉള്ള അപകട സാധ്യതകൾ മുന്നിൽ കണ്ടായിരിക്കും ഞങ്ങൾ ഇനി പ്രവർത്തിക്കുന്നത്. സ്വന്തം ആയി കാര്യങ്ങൾ ചെയ്യുന്നത് കൂടാതെ ഞങ്ങളുടെ സഹോദരങ്ങളുടെ കാര്യത്തിൽ കൂടെ കരുതലും കരുണയും ഉള്ള ഒരു ലോകം ആണ് ഞങ്ങൾ സ്വപ്നം കാണുന്നതും പുനർ നിർമ്മിക്കാൻ പോകുന്നതും.

ലോകത്തെ ഏറ്റവും വലിയ സർക്കാരിതര സംവിധാനങ്ങൾ (Non Government Organisations) മതങ്ങൾ ആണ്. അവർക്കുള്ള അത്ര ആൾ ബലം, പണം, അധികാരത്തിലെ പിടിപാട്, ജനങ്ങളുടെ മേലുള്ള നിയന്ത്രണം ഇവയൊന്നും മറ്റൊരു സംഘടനകൾക്കും ഇല്ല. ദുരന്ത കാലത്തും അതിന് ശേഷവും മതങ്ങൾക്ക് ഏറെ ചെയ്യാനുണ്ട്. അപ്പോൾ ദുരന്തങ്ങളെ വിധിയോ ദൈവഹിതമോ ഒക്കെയായി വിശദീകരിച്ച് പരിഹാസ്യർ ആകാതെ മതങ്ങൾ എല്ലാം നിത്യ നൂതനവും ശാസ്ത്രീയവും ആയ ഡിങ്കമതത്തിന്റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് സ്വാന്തനം നൽകാനും പുതിയൊരു കേരളം കെട്ടിപ്പിടിക്കാനും മുന്നോട്ടു വന്നാൽ നാളത്തെ കേരളം ലോകമാതൃകയാകും എന്നതിൽ സംശയം ഇല്ല.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഫേസ്ബുക്കിലും ഉണ്ട്

മുരളി തുമ്മാരുകുടി

Continue Reading
Comments

More in Social Media

To Top