Connect with us

Chayakkada

ഞാൻ എന്താണ് ചെയ്യുന്നത്? എൻറെ വായനക്കാർ എന്താണ് ചെയ്യേണ്ടത്? മുരളീ തുമ്മാരുകുടി എഴുതുന്നു

Social Media

ഞാൻ എന്താണ് ചെയ്യുന്നത്? എൻറെ വായനക്കാർ എന്താണ് ചെയ്യേണ്ടത്? മുരളീ തുമ്മാരുകുടി എഴുതുന്നു

ഏതാണ്ട് ഒരു വർഷമായി ഞാൻ കേരളനിയമസഭയിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയിട്ട്. ദുരന്ത ലഘൂകരണമാണ് എൻറെ തൊഴിൽ എന്നും ഒരു ദുരന്തം ഉണ്ടായതിന് ശേഷം അതിൻറെ നിവാരണത്തിന് വേണ്ടി കേരളത്തിലേക്ക് വരേണ്ടി വരുന്നത് വ്യക്തിപരമായി ദുഃഖകരവും പ്രൊഫഷണൽ ആയി ഒരു പരാജയവും ആയിരിക്കും എന്ന ആമുഖത്തോടെയാണ് ഞാൻ എൻറെ പ്രസംഗം തുടങ്ങിയത്. കേരളത്തിൽ തൊണ്ണൂറ്റി ഒൻപത്തിലെ പോലെ ഒരു വെള്ളപ്പൊക്കം ഇനിയും ഉണ്ടാകുമെന്നും അതിന് നാം തയ്യാറെടുക്കണം എന്ന മുന്നറിയിപ്പോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. അതിന് പല നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നു, നിർഭാഗ്യവശാൽ അതൊക്കെ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കേരളത്തെ ഗ്രസിച്ചിരിക്കുകയാണ്. കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. എനിക്കാവുന്നത് പോലെ തന്നെ ഞാനും കേരളസമൂഹത്തെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.

ഔദ്യോഗികമായി ഇന്ത്യ U N സഹായം തേടിയിട്ടില്ല. കേരളത്തിലെ ഔദ്യോഗിക ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗവുമല്ല ഞാൻ. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല. ഇത്തരം അവസരങ്ങളിൽ കൂടുതൽ കാര്യക്ഷമമായി സഹായിക്കാൻ കഴിയുന്നത് നമ്മുടെ വ്യക്തിപരമായ ഇടപെടൽ കൊണ്ടല്ല, ഒരു സംഘത്തിന്റെ ഭാഗമായിരിക്കുമ്പോൾ ആണ്.

അതേസമയം എനിക്ക് വളരെ നന്നായി ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. കേരളത്തിലെ പ്രശ്നങ്ങൾ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഒന്ന്. രണ്ടു ദിവസമായി ആ ശ്രമങ്ങൾ നടത്തുന്നുണ്ട്, ഇന്നിപ്പോൾ അതിൻറെ ഫലം കാണുന്നുണ്ട്.

ഞാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് മറ്റൊന്നിനാണ്. വെള്ളം ഇറങ്ങിത്തുടങ്ങി. ഇതുപോലൊരു വെള്ളപ്പൊക്കം കേരളത്തിൽ ആളുകളോ ഔദ്യോഗിക സംവിധാനങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ട് വെള്ളമിറങ്ങുന്ന കേരളം എന്താണ് ശ്രദ്ധിക്കേണ്ടത് ? രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതിനാലും, ഏറെ ദിവസങ്ങൾ ആയി ഉറക്കമില്ലാതെ ജോലി ചെയ്യുന്നതിനാലും ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇന്നിനപ്പുറം ചിന്തിക്കാനുള്ള മാനസിക അവസ്ഥ അല്ല എന്നെനിക്കറിയാം. അതുകൊണ്ട് നാളെയെപ്പറ്റി ഇന്ന് തന്നെ നിർദ്ദേശങ്ങൾ നൽകുകയാണ്. ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സമയത്ത് ഇത്തരം ഉപദേശം അനവസരത്തിൽ ഉള്ളതായി ചിലർക്ക് തോന്നാം. ക്ഷമിക്കുമല്ലോ.

മുൻപരിചയം ഇല്ലാത്തതിനാൽ കേരളത്തിൽ ആളുകൾ ശ്രദ്ധിക്കാനിടയില്ലാത്ത അനവധി കാര്യങ്ങൾ ഉണ്ട്

1. വെള്ളം കയറി നശിച്ച ഫർണിച്ചറും, കിടക്കയും തുടങ്ങി ഉള്ള വസ്തുക്കൾ എന്ത് ചെയ്യും. സാധാരണ സമയത്ത് പോലും നല്ല ഒരു മാല്യന്യ നിർമ്മാർജ്ജന സൗകര്യം നമുക്കില്ല. ആലുവ ഒരു പത്തു വർഷത്തിൽ ഉണ്ടാക്കുന്ന ഖരമാലിന്യത്തിന്റെ അത്രയും ആയിരിക്കും ഈ കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഉണ്ടായിരിക്കുന്നത്. അത് എങ്ങനെയാണ് വ്യക്തികളും സർക്കാരും കൈകാര്യം ചെയ്യേണ്ടത് ?

2. വെള്ളത്തിൽ ആയ സ്‌കൂളുകളിലെ ലബോറട്ടറി, കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിലെ വളം/കീടനാശിനി സ്റ്റോറുകൾ, ഫർമസിയിലെ മരുന്നുകൾ ഇവയൊക്കെ ഈ സമയത്തിനുള്ളിൽ വിഷവസ്തുക്കളുടെ മിശ്രണം ആയി മാറിയിരിക്കും. അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് ?

3. ഈ ദുരന്തത്തിൽ നേരിട്ട് അകപ്പെട്ട ആളുകൾ (കുട്ടികൾ ഉൾപ്പടെ) വൻ മാനസിക സംഘർഷത്തിലാണ്. അവരുടെ ജീവിതകാലം മുഴുവൻ അതവരുടെ കൂടെ ഉണ്ടാകും. എങ്ങനെയാണ് ഇതിന്റെ ആഘാതം കുറക്കുന്നത് ?

4. നമ്മുടെ യുവാക്കളെ പൂർണ്ണമായും ഈ പുനർനിർമ്മാണത്തിന്റെ ഭാഗമാക്കാം. അവരുടെ ഭാവിയാണ് നാം പുനർനിമ്മിക്കുന്നത്, അവരുടെ അഭിപ്രായങ്ങൾക്കാണ് ഏറ്റവും വില കല്പിക്കേണ്ടത്.

എന്നിങ്ങനെ പ്രധാനമായ കാര്യങ്ങൾ ഉണ്ട്. ഇക്കാര്യത്തിലെ നിർദേശങ്ങളാണ് ഇന്നും നാളെയും പങ്കുവെക്കാൻ പോകുന്നത്. കേരളത്തിലെ എല്ലാ മാധ്യമങ്ങൾക്കും ഞാൻ അത് നൽകും.

സർക്കാർ സംവിധാനങ്ങൾക്കും പരിചയമില്ലാത്ത ചിലതുണ്ട്.

1. ഇത്തരം വലിയ ഒരു ദുരന്തത്തിന്റെ നാശനഷ്ടക്കണക്ക് എങ്ങനെയാണ് എടുക്കുന്നത് (പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സെസ്സ്മെന്റ്)?
2. ഈ പുനർനിർമ്മാണം സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ മാത്രം സഹായം കൊണ്ട് തീരില്ല. അപ്പോൾ എങ്ങനെയാണ് പണം കണ്ടെത്തേണ്ടത്?
3. പുനർനിർമ്മാണത്തിന് എന്ത് സംവിധാനങ്ങൾ ആണ് വേണ്ടത്? പുതിയ ഒരു പുനർനിർമ്മാണ വകുപ്പ്, എല്ലാ വകുപ്പുകളെയും സംയോജിപ്പിക്കാൻ ഒരു പുനർനിർമ്മാണ ഏജൻസി? പുതിയ ഒരു സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള കമ്പനി ?

ഇതിന് ഓരോന്നിനും നല്ല അന്താരാഷ്ട്ര മാതൃകകൾ ഉണ്ട്. അതൊക്കെ ഞാൻ സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിൽ പെടുത്താം, അടുത്ത വെള്ളിയാഴ്‌ചയോടെ.

ഇതിലും പരമപ്രധാനമായ ഒരു കാര്യം കൂടി ഉണ്ട്. വ്യക്തികളുടേയും സമൂഹത്തിന്റെയും ഇപ്പോഴത്തെ ശ്രമം മുഴുവൻ അവരുടെ ജീവിതം പഴയ തരത്തിലേക്ക് ഏറ്റവും വേഗത്തിൽ എത്തിക്കുക എന്നതാണ്. അതേ സമയം പഴയ തരത്തിൽ കേരളത്തെ പുനർ നിർമ്മിക്കുന്നത് അടുത്ത തലമുറക്ക് ഇതേ അപകട സാധ്യതകൾ കൈമാറുന്നതിന് തുല്യമാണ്.

കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ അടുത്ത വലിയ വെള്ളപ്പൊക്കം വരാൻ നൂറു വർഷം നോക്കിയിരിക്കേണ്ട കാര്യമില്ല. അപ്പോൾ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും ദുരന്ത സാധ്യതയേയും കാലാവസ്ഥ വ്യതിയാനത്തെയും മുൻകൂട്ടി മനസ്സിലാക്കി എങ്ങനെയാണ് പുനർനിർമ്മാണം നടത്തേണ്ടത് ? (Build back better and safer). ഇതിനും അനവധി നല്ല അന്താരാഷ്ട്ര മാതൃകകളുണ്ട്, അതും ഞാൻ സമൂഹത്തിന്റെ മുന്നിൽ എത്തിക്കും.

ലോകത്ത് ഒരുലക്ഷത്തിൽ അധികം പേർ മരിച്ചതുൾപ്പടെ അനവധി വൻ ദുരന്തങ്ങൾ കണ്ട പരിചയത്തിൽ ഒരു കാര്യം കൂടെ പറയാം. ഈ ദുരന്തത്തിൽ നിന്നും കേരളം പൂർണ്ണമായും തിരിച്ചു വരാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും എടുക്കും. ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ, നമ്മുടെ മാധ്യമങ്ങൾ കുറച്ചു നാൾ കൂടി. പക്ഷെ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്, കേരളത്തിലെ ഈ സർക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. എങ്ങനെയാണ് കേരളത്തിലെ സർക്കാരും പൊതുസമൂഹവും ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നത് നൂറു വർഷം കഴിയുമ്പോൾ കേരളം ചരിത്രം രേഖപ്പെടുത്താൻ പോകുന്ന ഒന്നായിരിക്കും. അന്നന്നത്തെ കാര്യം മാത്രം ചിന്തിച്ച് കാര്യങ്ങൾ ചെയ്യണോ, അതോ ആഴ്ചകളും മാസങ്ങളും വർഷങ്ങളും മുന്നിൽ കണ്ടു കാര്യങ്ങൾ ചെയ്യണോ എന്നതൊക്കെയാണ് സമൂഹം നേരിടാൻ പോകുന്ന വെല്ലുവിളികൾ. ഇക്കാര്യങ്ങളിൽ മുപ്പത് വർഷത്തെ അന്താരാഷ്ട്ര രംഗത്തെ പരിചയവും, വ്യാപകമായ വ്യക്തിബന്ധങ്ങളും, നല്ലൊരു ഭാവികേരളത്തിന് വേണ്ടി ഉപയോഗിക്കാൻ ഈ അഞ്ചു വർഷവും കേരളത്തിലെ സമൂഹത്തിന്റെ കൂടെത്തന്നെ ഉണ്ടാകും ഞാൻ. എനിക്കറിയാവുന്നതെല്ലാം ഞാൻ എല്ലാവരോടും പങ്കുവെക്കും, എനിക്ക് ഏതെങ്കിലും തരത്തിൽ ഉപദേശങ്ങൾ നൽകാൻ പറ്റും എന്ന് തോന്നുന്നിടത്തൊക്കെ ഞാൻ അങ്ങോട്ട് ചോദിച്ച് ഇടപെടുകയും ചെയ്യും.

കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തിൽ തന്നെയാണ്, ടിക്കറ്റ് കിട്ടിയാൽ ഉടൻ ‘ഫുൾ ഫിഗറും’ കേരളത്തിൽ ഉണ്ടാകും.

എൻറെ വായനക്കാർ എന്താണ് ചെയ്യേണ്ടത് ?

കഴിഞ്ഞ പത്തുവർഷമായി ഞാൻ ദുരന്തങ്ങളെ പറ്റി എഴുതി തുടങ്ങിയിട്ട്. ആദ്യകാലത്ത് ഈ വിഷയത്തിന് ഒരു ജനശ്രദ്ധയും ഇല്ലായിരുന്നു. ഹാസ്യം മേമ്പൊടിയിട്ടും ഹാസ്യത്തിൽ പൊതിഞ്ഞുമാണ് ഞാൻ ഈ വിഷയം കേരളസമൂഹത്തിൽ ചർച്ചാ വിഷയം ആക്കിയത്. കേരളത്തിൽ തൊണ്ണൂറ്റി ഒന്പതിലേ പോലൊരു വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ഞാൻ കാര്യകാരണ സഹിതം പറഞ്ഞു തുടങ്ങിയിട്ട് ആറു വർഷമായി. ഈ വർഷം ജൂൺ മുതൽ ഈ പെരുമഴക്കാലത്ത് അണക്കെട്ടുകൾ തുറക്കണം എന്ന് പറഞ്ഞിരുന്നു. ഈ ജൂലൈ മുതൽ എങ്ങനെയാണ് സർക്കാർ ‘ജാഗ്രത’ എന്ന് പറയുമ്പോൾ നമ്മൾ വ്യക്തിപരമായി തയ്യാറെടുക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ ഒരു ശതമാനം ആളുകൾ പോലും ഇന്നെന്നെ വായിക്കുന്നില്ല. ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങളും ഒരു പരിധി വരെ സർക്കാർ സംവിധാങ്ങളും എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ എന്റെ നിർദേശങ്ങൾ കൊണ്ട് ഗുണം കിട്ടുമായിരുന്ന, ഇനിയും ഗുണം കിട്ടാവുന്ന ബഹുഭൂരിപക്ഷത്തിന്റ്റെ മുന്നിലും എൻറെ നിർദ്ദേശങ്ങൾ എത്തുന്നില്ല. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് രണ്ടു കാര്യങ്ങൾ ആണ്.

1. ഞാൻ പറയുന്ന നിർദ്ദേശങ്ങൾ വ്യക്തിപരമായി പാലിക്കാൻ നോക്കണം.
2. നിങ്ങൾക്ക് ശരിയായി തോന്നുന്ന നിർദ്ദേശങ്ങൾ പരമാവധി ആളുകളിൽ എത്തിക്കാൻ സഹായിക്കണം.

സുരക്ഷിതരായിരിക്കുക, സമാധാനത്തോടെ ഇരിക്കുക. ഇതൊരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തൺ ആണ്. പരസ്പരം കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കാതെ പരസ്പരം താങ്ങായിനിന്ന് ഒറ്റക്കെട്ടായി കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.

മുരളി തുമ്മാരുകുടി

Continue Reading
Comments

More in Social Media

To Top