Connect with us

Chayakkada

എന്താണ് വെസ്റ്റ് നൈല്‍ പനി (West Nile Fever) ?

Social Media

എന്താണ് വെസ്റ്റ് നൈല്‍ പനി (West Nile Fever) ?

അപൂര്‍വ്വമായി കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു വൈറല്‍ പനിയാണിത്‌, നിലവില്‍ കോഴിക്കോട് ഉള്ള ഒരു രോഗിയിലിത് സംശയിക്കപ്പെടുന്നുണ്ട്.

വലിയൊരു പൊതുജനാരോഗ്യ ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ല എങ്കില്‍ക്കൂടി, രോഗങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് രോഗലക്ഷണങ്ങളെ തിരിച്ചറിയാനും ഉചിതമായ ചികിത്സ തേടാനും ജനങ്ങളെ സഹായിക്കുമെന്നതിനാല്‍ ഈ രോഗത്തെക്കുറിച്ചു അല്‍പം വിവരിക്കാം.

ആദ്യം അല്‍പ്പം ചരിത്രം
————————————
✿1937 ൽ ഉഗാണ്ടയിലെ West Nile എന്ന ജില്ലയിലെ ഒരു സ്ത്രീയിൽ നിന്നാണ് വെസ്റ്റ് നൈൽ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 1953 ൽ നൈൽ ഡെൽറ്റാ മേഖലയിലെ കാക്കയടക്കമുള്ള ചില പക്ഷികളിൽ നിന്നും ഈ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1997 കാലഘട്ടത്തിൽ ഇസ്രായേലിൽ മസ്തിഷ്കജ്വരവും പക്ഷാഘാതവുമടക്കമുള്ള രോഗലക്ഷണങ്ങളോടെ കുറേയധികം പക്ഷികൾ മരണപ്പെടുന്നത് വരെ ഈ അസുഖം പക്ഷികളിൽ രോഗകാരണമാകുമെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞിരുന്നില്ല.

✿കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ രോഗം മനുഷ്യരിൽ വ്യാപിക്കുന്നതായി കണ്ടുവരുന്നുണ്ട്.

✿1999 ൽ ഇസ്രായേലിലും ടുണീഷ്യയിലും പടർന്നുകൊണ്ടിരുന്ന WNV അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് പടരുകയും, അനേകായിരങ്ങളെ ബാധിക്കുകയും ചെയ്തു. വാഹകരായ ജീവികളിലൂടെ പടരുന്ന അസുഖങ്ങൾ അവയുടെ സ്വാഭാവികമായ ആവാസസ്ഥലത്തുനിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ഇടവരുകയും ലോകമാകമാനം ഭീഷണി ഉയര്‍ത്തുകയും ചെയ്യാമെന്ന് വരച്ചുകാട്ടുന്നതായിരുന്നു 2010 വരെ നീണ്ടുനിന്ന ഈ ഒരു പകര്‍ച്ചവ്യാധി ബാധ.

✿ദേശാടനപ്പക്ഷികളുടെ സഞ്ചാരപഥത്തിൽ പെടുന്ന ഗ്രീസ്, ഇസ്രായേൽ, റൊമാനിയ, റഷ്യ, ആഫ്രിക്ക, യൂറോപ്പിൻറെ ചില ഭാഗങ്ങൾ, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ പടിഞ്ഞാറൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നീയിടങ്ങളിലാണ് ഈ വൈറസിന്റെ പ്രധാനമായ വ്യാപനം ഇതുവരെ നടന്നിട്ടുള്ളത്.

രോഗവ്യാപനം
———————–
🌟രോഗാണുവാഹകരായ പക്ഷികളെ കടിക്കുന്ന കൊതുകുകളിലേക്ക് പടരുന്ന ഈ വൈറസ് കൊതുകുകളുടെ ഉമിനീർ ഗ്രന്ഥികളിൽ പെറ്റുപെരുകുന്നു. അവ പിന്നീട് മനുഷ്യരെ കടിക്കുമ്പോഴാണ് സാധാരണഗതിയില്‍ മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്.

🌟എന്നാല്‍ അപൂര്‍വ്വമായി രോഗബാധിതരായ മറ്റു മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും, ഈ രോഗബാധയാൽ മരിക്കുന്ന പക്ഷികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുവഴിയും, അവയുടെ രക്തത്തിലൂടെയും കോശങ്ങളിലൂടെയും മനുഷ്യരിലേക്ക് ഈ രോഗാണു പടരാം.

🌟വളരെ വളരെ ചെറിയ ഒരു ശതമാനം സന്ദര്‍ഭങ്ങളില്‍ മാത്രം രക്തദാനം വഴിയും, അവയവമാറ്റ ശസ്ത്രക്രിയ മൂലവും, അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് നേരിട്ടും, മുലപ്പാലിലൂടെയും രോഗം പടർന്നിട്ടുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

🌟മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മറ്റുവിധ സമ്പര്‍ക്കത്തിലൂടെ / നേരിട്ട് ഇടപെടുന്നത് മുഖേന ഈ രോഗം പകരുന്നതല്ല.

രോഗലക്ഷണങ്ങൾ
—————————-
✔രോഗാണുബാധിതരായ വലിയൊരു ശതമാനം (80%) ആളുകളിലും ഈ രോഗം യാതൊരു വിധ ലക്ഷണങ്ങളും ഉണ്ടാക്കാറില്ല.

✔എന്നാൽ, ബാക്കി 20% ആളുകളിൽ തലവേദന, ശരീരവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, തിണർപ്പുകൾ എന്നീ ലക്ഷ്യങ്ങൾ പ്രകടമായേക്കാം. ഇവരിൽ ബഹുഭൂരിപക്ഷവും ഈ രോഗത്തിൽ നിന്നും പരിപൂർണ്ണമായും സൗഖ്യം പ്രാപിക്കും. ചുരുക്കം ആളുകളിൽ കുറച്ചു മാസങ്ങൾ നീളുന്ന ക്ഷീണവും സന്ധിവേദനയും കണ്ടുവരാറുണ്ട്.

✔വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നവരിൽ 150 പേരിൽ ഒരാളിൽ എന്ന തോതിൽ ഈ രോഗം ഉഗ്രരൂപം പ്രാപിക്കാറുണ്ട്. എന്നാൽ മസ്തിഷ്ക ജ്വരത്തിൻറെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഇവരിൽ മരണം സംഭവിക്കാനുള്ള സാധ്യത വെറും 10% മാത്രമാണ്.

✔മസ്തിഷ്കജ്വരത്തിൻറെ ലക്ഷണങ്ങൾ (സ്വഭാവത്തിലെ മാറ്റങ്ങള്‍, ചുഴലി, ബോധക്ഷയം) കണ്ടുതുടങ്ങിയാല്‍ രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതായി നാം മനസ്സിലാക്കണം. ഇങ്ങനെ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളിൽ പോലും കൃത്യമായ ആധുനിക ചികിത്സ ലഭ്യമാക്കുന്നതു വഴി മരണനിരക്ക് വെറും പത്തു ശതമാനത്തിൽ താഴെയാക്കാവുന്നതാണ്.

✔ഏതു പ്രായത്തിലും പെടാമെങ്കിലും, 60 വയസ്സ് കഴിഞ്ഞവരിലും, പ്രമേഹം, അർബുദം, വൃക്കരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവരിലുമാണ് ഈ രോഗം അപകടാവസ്ഥയിലേക്ക് പോകാറുള്ളത്.

✔വെസ്റ്റ് നൈൽ വൈറസ് ശരീരത്തിനുള്ളിൽ കടന്നു കഴിഞ്ഞാൽ 3 മുതൽ 14 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും.

രോഗനിർണയം
———————–
⭐ELISA ഉപയോഗിച്ച് രോഗിയുടെ ശരീരശ്രവങ്ങളിൽനിന്ന് ആൻറിബോഡികൾ (IgG , IgM) തിരിച്ചറിയുന്നത് വഴി.

⭐Polymerase chain reaction, അല്ലെങ്കിൽ cell culture വഴി വൈറസിനെ വേർതിരിച്ചെടുക്കുന്നതു വഴി. ( സ്ഥിരീകരണ പരിശോധന )

ചികിത്സയും പ്രതിരോധവും
——————————————

✸മറ്റ് ഭൂരിഭാഗം വൈറൽ രോഗങ്ങളിലുമെന്നതുപോലെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആളുകൾക്ക് ലാക്ഷണിക ചികിൽസകളാണ് (നിർജലീകരണം തടയൽ, വേദനസംഹാരികൾ, ശ്വസന സഹായികൾ, രോഗബാധയോടൊപ്പം വരാവുന്നമറ്റു രോഗാണുബാധകള്‍ നിയന്ത്രിക്കുന്നതിനായി ആൻറിബയോട്ടിക്കുകൾ) പ്രധാനമായും നൽകിവരുന്നത്.

✸ഈ വൈറസിനെതിരെ പ്രയോഗിക്കാവുന്ന ആന്‍റി വൈറല്‍ മരുന്നുകള്‍ നിലവില്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

✸വാക്സിനുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും, മനുഷ്യരിൽ പ്രയോഗിക്കാവുന്ന രീതിയിൽ ഒരു വാക്സിൻ WNV ക്കെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. (എന്നാൽ രോഗബാധിതരായ കുതിരകളിൽ ഉപയോഗിക്കാവുന്ന വാക്സിൻ ലഭ്യമാണ്)

✸ഈ വൈറസുകളെ നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്ന ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുന്ന ഒരു സംവിധാനം വഴി അസുഖം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്താവുന്നതാണ്. കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾ ഈ രോഗവ്യാപനത്തിന് തടയിടും.

എഴുതിയത് : Dr. Kiran Narayanan

Continue Reading
Comments

More in Social Media

To Top