Connect with us

Chayakkada

വെള്ളം വെള്ളം സർവത്ര; മുരളീ തുമ്മാരുകുടി എഴുതുന്നു

Social Media

വെള്ളം വെള്ളം സർവത്ര; മുരളീ തുമ്മാരുകുടി എഴുതുന്നു

കേരളത്തിൽ നിന്നും മഴയുടേയും വെള്ളക്കെട്ടിന്റെയും ഒക്കെ ചിത്രങ്ങൾ ആണ് വരുന്നത്. സ്വന്തം വീട്ടിലേക്ക് വെള്ളം കയറുമെന്നുള്ള ഭീതി ഇല്ലാത്തവർക്ക് സ്‌കൂളിലും ജോലിക്കും ഒന്നും പോകാതെ വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റുമെങ്കിൽ മഴ മനോഹരമായ കാലമാണ്. കട്ടൻ ചായ, പരിപ്പുവട, മഴ. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. ഞാൻ ശരിക്കും മിസ് ചെയ്യുന്നുണ്ട്.

പക്ഷെ കേരളത്തിലെ ഭൂരിപക്ഷം ആളുകൾക്കും ഈ പറഞ്ഞ ലക്ഷുറി ഇല്ലല്ലോ. വീട്ടിൽ നിന്നിറങ്ങിയാൽ റിസ്ക് ആണ്. റോഡിൽ വെള്ളം നിറഞ്ഞാൽ പിന്നെ റോഡും നടപ്പാതയും അതിൻ്റെ ചുറ്റിലും ഉള്ള ഓടയും മാൻഹോളും ഒന്നും തിരിച്ചറിയാൻ പറ്റില്ല. വെള്ളത്തിൽ മുങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഒഴുക്കുണ്ടെങ്കിൽ രണ്ടടി വെള്ളത്തിൽ പോലും നമുക്ക് അടി തെറ്റും, മരിച്ചു പോകാനും മതി. തോട്ടിലോ പുഴയിലോ കടലിലോ കളിക്കാൻ തോന്നുന്ന സമയം ആണ്, പക്ഷെ അതൊക്കെ വലിയ റിസ്ക് ആണ്. ഓടുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ പോലും മരങ്ങൾ വീണ് ആളുകൾ മരിക്കുന്നു. മഴക്കാലം അപകടങ്ങളുടെ കാലമാണ്. സൂക്ഷിക്കുക.

കിണറും കുളവും സെപ്റ്റിക്ക് ടാങ്കും ഒക്കെ ഒരുപോലെ മുങ്ങി അവയിലെ വെള്ളം പരസ്പരം കലരുന്ന സമയവും ആണ്. കുടിവെള്ളത്തിലൂടെ അസുഖങ്ങൾ ഏറെ പരക്കും. തിളപ്പിച്ച് ആറിയതല്ലാതെ ഈ കാലത്ത് വെള്ളം കുടിക്കരുത്.

മഴക്കാലം പനിക്കാലവും ആണ്. പനി വന്നാൽ ഓടി ആശുപത്രിയിൽ ചെല്ലുന്നത് നമുക്കുള്ള പനിയെക്കാളും വലുത് എന്തെങ്കിലും തിരിച്ചു മേടിച്ചു കൊണ്ടുവരാൻ സാധ്യത ഉണ്ടാക്കും. അതുകൊണ്ട്, ആദ്യത്തെ ദിവസം എങ്കിലും വിശ്രമിക്കുക, പറ്റിയാൽ ഡോക്ടറെ ഫോണിൽ വിളിക്കുക. അത് കഴിഞ്ഞിട്ടും കുറയുന്നില്ലെങ്കിൽ മാത്രം ആശുപത്രിയിൽ പോയാൽ മതി.

കുറച്ചു ദിവസം മഴ അടുത്തടുത്തായി പെയ്യുമ്പോൾ ആണ് മലകളിൽ വെള്ളമിറങ്ങി നിറയുന്നത്. ഉരുൾ പൊട്ടൽ സാധ്യത അത് വർദ്ധിപ്പിക്കുന്നു. മലയോരത്ത് താമസിക്കുന്നവർ ഇത് ശ്രദ്ധിക്കണം. അടുത്ത കുറച്ചു ദിവസത്തേക്ക് ആവശ്യമില്ലാത്തവർ കുന്നും മലയും ഉള്ള പ്രദേശത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

കൂടിയ മഴയും ഉയർന്ന വേലിയേറ്റവും വരുന്ന സമയത്താണ് കേരളത്തിൽ ഏറ്റവും വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഈ മാസത്തെ ഉയർന്ന വേലിയേറ്റത്തിന്റെ സമയം ഇന്ന് മുതൽ കുറയുകയാണ്. അതുകൊണ്ട് മഴ കൂടിയില്ലെങ്കിൽ വെള്ളക്കെട്ട് കുറയേണ്ടതാണ്. പക്ഷെ മഴ കൂടുകയോ അണക്കെട്ടുകൾ തുറന്നുവിടുകയോ ഒക്കെ ചെയ്‌താൽ ജലനിരപ്പ് കൂടും, വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടിയും വരും. ഇതിനൊക്കെ സാധ്യത ഉളള സ്ഥലങ്ങളിൽ താമസിക്കുന്നവർ വീടും വാഹനവും ഒക്കെ സംരക്ഷിക്കാനും രാത്രിയാണെങ്കിലും വേറെ എങ്ങോട്ടെങ്കിലും മാറാനും ഒക്കെയുള്ള പ്ലാൻ മനസ്സിൽ കാണണം. മഴ വെള്ളം ഒന്നോ രണ്ടോ മീറ്റർ ഉയരത്തിലേക്ക് കയറി വരാൻ ഒരു മണിക്കൂർ പോലും വേണ്ട. നാലടി വെള്ളം മതി വാഹനങ്ങളെ ഒഴിക്കിക്കൊണ്ടു പോകാൻ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ.

കേരളത്തിലെ ഏറെ വെള്ളപ്പൊക്കം കൊണ്ടുണ്ടാക്കുന്ന ഏറെ കെടുതികൾ മനുഷ്യ നിർമ്മിതം ആണ്. പ്രകൃതിയെ അറിയാതെ വീടും റോഡും ഒക്കെ ഉണ്ടാക്കുന്നതും എറണാകുളത്തും ആലപ്പുഴയിലും ഒക്കെ കനാൽ വീതി കുറച്ചു റോഡുകൾ ഉണ്ടാകുന്നതും, വെള്ളം ഒഴുകിപ്പോകാൻ പറ്റാതെ കലങ്കുകൾ ഉണ്ടാക്കുന്നതും, പുഴയുടെയും കായലിന്റെയും ഒക്കെ തീരത്ത് കോസ്റ്റൽ സോൺ റെഗുലേഷൻ ഒക്കെ വിസ്മരിച്ചു വീട് പണിയുന്നതും, പാടത്ത് മണ്ണിട്ട് നികത്തി ഫാക്ടറി പണിയുന്നതും എല്ലാം അപകട സാധ്യത കൂട്ടിയിരിക്കയാണ്.
പണ്ട് ഉരുൾ പൊട്ടാത്ത മലകൾ പോലും വെടിമരുന്നു പൊട്ടിച്ചു വിറപ്പിച്ചു നമ്മൾ പൊട്ടിയൊലിക്കാൻ റെഡിയാക്കി വച്ചിട്ടുണ്ട്. പ്രകൃതിയുടെ അതിരുകൾ ഏതെന്ന് അറിയാനുള്ള അവസരം ആണ്. ഒന്ന് നോക്കി വക്കുന്നത് നല്ലതാണ്, നാളെ സ്ഥലം മേടിക്കാനോ വീട് മേടിക്കാനോ പോകുംബോൾ വെള്ളക്കെട്ടുള്ളതും വെള്ളം കേറുന്നതും ഉരുൾ പൊട്ടുന്നതും ഒക്കെയായ സ്ഥലങ്ങൾ ഒക്കെ ഒഴിവാക്കാമല്ലോ.

കാലാവസ്ഥ വ്യതിയാനം കാരണം ഇത്തരം സംഭവങ്ങൾ കൂടുതൽ ആവർത്തിക്കാൻ പോവുകയാണ്. അൻപത് വർഷത്തിനകം കടലിലെ ജല നിരപ്പ് കൂടുകയും മഴ കൂടുതൽ കനത്തു പെയ്യുകയും ചെയ്യുന്നതൊക്കെ ഇപ്പോൾ തന്നെ നമുക്ക് ഉറപ്പായി പ്രവചിക്കാവുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ആണ്. അങ്ങനെ ഒരു ലോകമാണ് വരാൻ പോകുന്നത്. ആ കാലത്തിന്റെ മുന്നറിയിപ്പായിട്ടും അതിന് തയ്യാറെടുക്കാനുള്ള അവസരമായിട്ടും നമ്മൾ ഓരോ വെള്ളപ്പൊക്കക്കാലത്തേയും എടുക്കുക.

തൽക്കാലം എവിടെയാണെങ്കിലും സുരക്ഷിതരായിരിക്കുക..

മുരളി തുമ്മാരുകുടി

Continue Reading
Comments

More in Social Media

To Top