Connect with us

Chayakkada

അമ്മയെ കീഴടക്കുന്ന ആഭാസം; മുരളീ തുമ്മാരുകുടി എഴുതുന്നു

Social Media

അമ്മയെ കീഴടക്കുന്ന ആഭാസം; മുരളീ തുമ്മാരുകുടി എഴുതുന്നു

അമ്മ എന്ന് പേരുള്ള മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയിൽ നിന്നും ഭാവനയും റീമ കല്ലിങ്ങലും ഉൾപ്പടെ ഉള്ള നാല് സ്ത്രീകൾ രാജിവച്ചു എന്ന വാർത്ത ഏറെ അഭിമാനത്തോടെയും ഭയത്തോടെയും ആണ് വായിച്ചത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സ്ത്രീ പ്രാതിനിധത്തിന് അർഹമായ ഒരു അംഗീകാരവും കൊടുക്കാതെ, കാലം മാറിയതറിയാതെ കേരളം എന്ന ഒരു ചെറിയ പ്രദേശത്തെ സിനിമാ ലോകത്ത് ചക്രവർത്തിമാരായും മഹാനടന്മാരായും തന്ത്രശാലികളായും തമാശക്കാരായും ഒക്കെ ഞെളിഞ്ഞിരിക്കുന്നവരുടെ ഒരു സംഘത്തിൽ നിന്നും സ്വന്തം കരിയറിന് വൻ നഷ്ടം ഉണ്ടാകും എന്നറിയാമായിരുന്നിട്ടും എതിർപ്പുകൾ പരസ്യമായി പറഞ്ഞു പുറത്തു പോകാൻ കുറച്ചു ചങ്കൂറ്റം ഒക്കെ വേണം. അത് നമ്മുടെ പുതിയ തലമുറയിലെ കുറച്ചു സ്ത്രീകൾക്കെങ്കിലും ഉണ്ട്. അവരെക്കുറിച്ച് അഭിമാനമേ ഉള്ളൂ. അതേ സമയം കേരളസമൂഹം മുഴുവൻ ഭൂതക്കണ്ണാടിയും വച്ച് നോക്കിയിരിക്കുന്ന ഒരു പ്രസ്ഥാനത്തിലെ നേതാക്കൾ ഇത്രയും ധാർഷ്ട്യത്തോടെ ആണ് സ്ത്രീകളുടെ വിഷയത്തിൽ പെരുമാറുന്നതെങ്കിൽ തിരശീലക്ക് പിന്നിൽ കാമറക്കണ്ണുകൾക്കകലെ സ്ത്രീകളോടുള്ള ഇവരുടെ പേരുമാറ്റം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ പോലും പേടിയാകുന്നു. സിനിമയുടെ ലോകത്തിനകത്ത് നിലനിൽക്കാൻ നമ്മുടെ സ്ത്രീകൾ എന്തൊക്കെ സഹിക്കുന്നുണ്ടാകും ?, വെയ്ൻസ്റ്റീനെ പോലെ ഉള്ള ഫ്രാങ്കൻസ്റ്റീൻ മോൺസ്റ്ററുകൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ടായിരിക്കില്ലേ ?.

ഒരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കണം. ഈ സംഘടനയുടെ പ്രവർത്തന രീതിക്കും തീരുമാനങ്ങൾക്കുമെതിരെ പ്രതികരിക്കാൻ സ്ത്രീകൾ മാത്രമേ ഉണ്ടായുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിലെ മാടമ്പി മനോഭാവവും ആയിരിക്കുന്ന കടൽക്കിഴവന്മാരുടെ കാര്യം പോട്ടേ, ഈ നൂറ്റാണ്ടിലെ ജ്വലിക്കുന്ന യുവത്വമായി വെള്ളിത്തിരയിൽ ഒക്കെ തിളങ്ങുന്നവർ ഒക്കെ വാലും കാലിന്റിടയിൽ വച്ച് വിനീത വിധേയരായി നിൽക്കുകയാണ്. ഇരുപതോ മുപ്പതോ കൊല്ലം സിനിമയിൽ പ്രവർത്തിച്ചു പേരും പണവും നേടി ഇനി സിനിമ ഇല്ലെങ്കിലും ജീവിച്ചു പോകാൻ കഴിവുള്ള സീനിയർ നടിമാർക്കും രാജി വക്കണം എന്നത് പോകട്ടെ, ഒന്ന് പ്രതികരിക്കാൻ പോലും തോന്നിയില്ല. കഷ്ടം തന്നെ മൊയ്‌ലാളീ…

ഇന്നലെ എൻ്റെ സുഹൃത്ത് Sangeeth Surendran പറഞ്ഞത് പോലെ മലയാള സിനിമ എന്നത് രണ്ടു പതിറ്റാണ്ടായി രണ്ടോ മൂന്നോ താരങ്ങൾക്ക് ചുറ്റും കിടന്നു കറങ്ങുന്ന ഒരു പരസ്പര സഹായ സഹകരണ സംഘം ആണ്. ആ താരങ്ങളുടെ ഇഷ്ടത്തിനെതിരായി ഒന്നും നടക്കില്ല. അവർക്ക് ഇഷ്ടപ്പെടാത്തവരെ സിനിമയിൽ ചാൻസ് നൽകാതെ പുറത്താക്കാൻ ഉള്ള കഴിവ് ഈ താരങ്ങൾക്ക് ഉണ്ട്. ഇത്തരം സ്വേച്ഛാധിപത്യപരമായ പ്രവർത്തികളെ നേരിടാനാണ് സാധാരണ ഗതിയിൽ ആളുകൾ സംഘടന ഉണ്ടാക്കുന്നത്. പക്ഷെ മലയാള സിനിമയുടെ കാര്യത്തിൽ സംഘടന പോലും താര രാജാക്കന്മാരുടെ കൈപ്പിടിക്കുള്ളിലാണ്. സ്വന്തം അവസരം മറ്റൊരു സൂപ്പർ താരം തട്ടിക്കളഞ്ഞു എന്നൊരു അംഗം പരാതി പറഞ്ഞിട്ടും സംഘടന ഒന്നും ചെയ്തില്ല എന്നാണ് ഭാവന ഇന്ന് പറഞ്ഞിരിക്കുന്നത്. ഇതിന് മുൻപ് സംഘടന തന്നെ മുൻകൈ എടുത്ത് ചില നടന്മാരെ സിനിമാ രംഗത്ത് നിന്നും ഒതുക്കിയതായ പരാതികൾ ഉണ്ടായിരുന്നു. നീതിയും ജനാധിപത്യവും മനുഷ്യാവകാശവും ഒക്കെ നില നിൽക്കുന്ന ലോകത്ത് ഇത്തരം പെരുമാറ്റങ്ങൾക്ക് മോബിങ്ങ് എന്നാണ് പേര്. അത് നിയമപരമായി കുറ്റകരമാണ്. തൊഴിൽ സ്ഥലത്ത് ആളുകൾക്ക് വേണ്ടത്ര മനുഷ്യാവകാശ സംരക്ഷണം ഉള്ള ഒരു സ്ഥലത്തായിരുന്നുവെങ്കിൽ കോടതി ഇടപെട്ട് ഈ സംഘടനയെ പിരിച്ചു വിട്ടേനേ.

സഘടനയിൽ ഉള്ള സ്ത്രീകൾ ബഹു ഭൂരിപക്ഷവും എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നും ഒരു സ്ത്രീയാണ് കുറ്റാരോപിതനായ ആളെ സംഘടനയിൽ തിരികെ എത്തിക്കാൻ വേണ്ടി വാദിച്ചതെന്നും ഒക്കെ വായിച്ചു. ഇതിൽ ഒട്ടും അതിശയം ഇല്ല. സ്ത്രീധനം ഉളപ്പടെ സ്ത്രീവിരുദ്ധമായ എല്ലാ ആചാരങ്ങളും നിലനിർത്താനും നടപ്പിലാക്കാനും മുന്നിൽ നിൽക്കുന്നത് സ്ത്രീകൾ തന്നെയാണ്. നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നില നിൽക്കുന്ന പെൺ സുന്നത്തിന് കുട്ടികളെ ഒരുക്കി നിറുത്തുന്നതും പിടിച്ചു കൊടുക്കുന്നതും ഒക്കെ സ്ത്രീകൾ തന്നെയാണ്. അതുകൊണ്ട് ആ ആചാരം ശരിയാകുന്നില്ലല്ലോ. സ്ത്രീകളെ പീഡിപ്പിക്കാൻ കൂട്ടുനിൽക്കുന്ന സ്ത്രീകളുടെ കുലം നമ്മുടെ സിനിമാ നടികളുടെ ഇടയിലും കുറ്റിയറ്റു പോയിട്ടില്ല എന്ന് മാത്രം കരുതിയാൽ മതി. ചരിത്രത്തിൽ അവർക്ക് പ്രത്യേകിച്ച് സ്ഥാനം ഒന്നുമില്ല.

എന്തുകൊണ്ടാണ് ഇത്തരത്തിൽ പൊതുസമൂഹത്തിന്റെ ചിന്തകൾക്ക് പുല്ലുവില കൽപ്പിച്ചു താരങ്ങൾ വിലസുന്നത് ? സിനിമ കാണുന്ന കേരളത്തിലെ ജനങ്ങൾ ബുദ്ധി ശൂന്യരാണെന്നോ അല്ലെങ്കിൽ രണ്ടു ദിവസം കഴിയുമ്പോൾ ഇതെല്ലാം മറക്കുമെന്നോ ഒക്കെ ഉള്ള ചിന്തയിൽ നിന്നാണ് ഈ അഹംഭാവം ഉണ്ടാകുന്നത്. അത് സത്യമാണെന്ന് നാം തെളിയിക്കുമോ എന്നാണ് ഇനിയുള്ള ദിവസങ്ങളിലെ സമൂഹത്തിന്റെ നിലപാടിൽ നിന്നും വ്യക്തമാക്കേണ്ടത്.
കേരളത്തിലെ പൊതുസമൂഹം ഇതിനോട് പ്രതികരിച്ചില്ലെങ്കിൽ നഷ്ടം പറ്റാൻ പോകുന്നത് ധീരതയോടെ മുന്നോട്ടു വന്ന നമ്മുടെ ഈ സ്ത്രീകൾക്ക് തന്നെയാണ്. നാളെ ആളുകൾ അവരോട് ചോദിക്കും “നിനക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ, ഒച്ചയുണ്ടാക്കിയത് കൊണ്ട് നിങ്ങളുടെ അവസരങ്ങൾ പോയി. മിണ്ടാതിരുന്നവർ ഒക്കെ അഭിനയിക്കുന്നു. നേതാക്കൾക്കൊന്നും ഒന്നും പറ്റിയതുമില്ല”. സത്യമല്ലേ ?, നീതിക്ക് വേണ്ടി നിൽക്കുന്നവർക്ക് കരിയർ നഷ്ടപ്പെടുമ്പോൾ മറ്റുള്ളവർക്ക് എന്ത് സന്ദേശം ആണ് അത് നൽകുന്നത് ?. നമുക്ക് നീതി ബോധം ഉള്ള ഒരു സമൂഹം ഉണ്ടാക്കേണ്ടേ ?

ഈ കാര്യങ്ങളിൽ ഒക്കെ ഒരു മാറ്റം ഉണ്ടാകുന്നത് വരെ സിനിമ കാണില്ല എന്ന് Harish Vasudevan Sreedevi ഉൾപ്പടെ ചിലർ തീരുമാനിച്ചു കണ്ടു. നല്ല കാര്യം. ഞാൻ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അങ്ങനെ തീരുമാനിച്ചേനെ. പക്ഷെ അതുകൊണ്ടു മാത്രം കാര്യം ഉണ്ടാവില്ല. അടുത്തയാഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം നീതിബോധം ഉള്ള മലയാളികൾ മൊത്തമായി സിനിമാ തീയേറ്ററുകൾ ബഹിഷ്കരിക്കുകയാണ് വേണ്ടത്. തിരശ്ശീലക്ക് പിന്നിലുള്ള താരങ്ങളുടെ പെരുമാറ്റവും പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ട് എന്ന് ദന്തഗോപുര നിവാസികൾ അറിയണം.

#July1NoMovie

മുരളി തുമ്മാരുകുടി

Continue Reading
Comments

More in Social Media

To Top