Connect with us

Chayakkada

മെൻസ്‌ചുറൽ കപ്പിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റാം; ഡോ: ഷിംന അസീസ് എഴുതുന്നു

Social Media

മെൻസ്‌ചുറൽ കപ്പിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റാം; ഡോ: ഷിംന അസീസ് എഴുതുന്നു

ചന്ദ്രൻ ചുവക്കുന്ന ആ ദിവസങ്ങളിൽ സ്ത്രീകൾക്ക് കാലങ്ങളായി കൂട്ടുവരുന്ന സാനിറ്ററി നാപ്കിനുകളോട്‌ സലാം പറയിക്കുന്ന ഗുണഗണങ്ങളോടെയാണ്‌ മെൻസ്‌ചുറൽ കപ്പ്‌ കുറച്ച് കാലമായി വിപണിയിൽ വിലസുന്നത്. ഉള്ളത്‌ പറഞ്ഞാൽ പലർക്കും മൂപ്പരെയങ്ങ്‌ കണ്ണിൽ പിടിച്ച മട്ടില്ല. ആരൊക്കെയോ വന്ന്‌ ‘ഇതെന്ത് സാധനമാ’ എന്ന്‌ കണ്ണ്‌ മിഴിച്ച്‌ ചോദിക്കുന്നുമുണ്ട്‌. ഉപയോഗിച്ച്‌ തുടങ്ങിയവരാകട്ടെ ‘എവിടായിരുന്നു ഇത്രേം കാലം?’ എന്ന്‌ വാൽസല്യത്തോടെ ചോദിച്ച്‌ കൊണ്ട്‌ ആ കുഞ്ഞിക്കപ്പിനെ കൂടെ കൂട്ടുകയും ചെയ്തു. ഇക്കുറി #SecondOpinion അഭിപ്രായം പറയുന്നത്‌ മെൻസ്‌ചുറൽ കപ്പിനെക്കുറിച്ചാണ്‌.

ആർത്തവസമയത്ത്‌ ഗർഭാശയമുഖത്തിന്‌ തൊട്ടുതാഴെയായി രക്‌തം ശേഖരിക്കുന്നതിനായി വെക്കുന്ന ഒരു കൊച്ചു പാത്രമാണ് മെൻസ്‌ചുറൽ കപ്പ്. രക്‌തം പുറത്തേക്ക്‌ പ്രവഹിക്കാതെ ഇതിൽ ശേഖരിക്കുന്നത് വഴി പാഡ്‌ ഉപയോഗം ഒഴിവാക്കാം എന്നതാണ്‌ ഇതിന്റെ പ്രധാനസൗകര്യം. ഒരു കപ്പ് തന്നെ വർഷങ്ങളോളം പുനരുപയോഗിക്കുകയും ചെയ്യാം. മെഡിക്കൽ ഗ്രേഡ്‌ സിലിക്കൺ കൊണ്ട് പൊതുവെ മെൻസ്‌ചുറൽ കപ്പ്‌ നിർമ്മിക്കുന്നത്. കന്യകയായാലും ലൈംഗികജീവിതം നയിക്കുന്നവളായാലും പ്രസവിച്ച സ്‌ത്രീയായാലും മെൻസ്‌ചുറൽ കപ്പ്‌ ഉപയോഗിക്കാം. വിവിധ സൈസിലുള്ള പല വിലകളിലുള്ള കപ്പ്‌ ലഭ്യമാണ്‌. മെൻസ്‌ചുറൽ കപ്പ്‌ അകത്തിരിക്കുന്നത്‌ ഒരിക്കലും യോനിയുടെ വ്യാസം കൂട്ടുകയോ പങ്കാളിയുടെ ലൈംഗികസുഖത്തെ ബാധിക്കുകയോ ഇല്ല. അത്തരമൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്.

പല വിലയിലും തരത്തിലുമുള്ള മെൻസ്‌ചുറൽ കപ്പുകൾ മാർക്കറ്റിൽ ലഭ്യമാണ്. പലപ്പോഴും സൈസ് കൃത്യമായി മനസ്സിലാവാത്തതുകൊണ്ട് വാങ്ങിപ്പോയ കപ്പ് ഉപയോഗിക്കാൻ പറ്റാതെ വന്നവരെ അറിയാം. അത് കൊണ്ട് ആദ്യം തന്നെ വളരെ വിലകൂടിയ മോഡലുകൾ വാങ്ങാതെ വില അധികമില്ലാത്ത എന്നാൽ ക്വാളിറ്റിയുള്ള ഒരു സാധാരണ കപ്പ് വാങ്ങി ഉപയോഗിച്ച് നോക്കുക. ഞാൻ വാങ്ങി പരീക്ഷിച്ച മോഡൽ ഇതാണ്. : https://goo.gl/cGGtsW . പരീക്ഷണം സമ്പൂർണ്ണവിജയമായിരുന്നത് കൊണ്ട് വൃത്തിയായി കഴുകാനും മറ്റും സൗകര്യമില്ലാത്ത യാത്രകളിൽ മാറ്റി ഉപയോഗിക്കാനായി ഒരെണ്ണം കൂടി വാങ്ങി.

യോനിക്കകത്തേക്ക്‌ കപ്പ്‌ നിക്ഷേപിക്കുന്നത്‌ എങ്ങനെയെന്ന്‌ പലർക്കും ആശങ്ക കാരണം ഇത് ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. അവർക്കായി ഇത് വിശദീകരിക്കുന്ന യഥേഷ്‌ടം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്‌. ആദ്യത്തെ കുറച്ച്‌ തവണ വെക്കുന്നതും എടുക്കുന്നതും പരിചയമാകും വരെയുള്ള ഒരു ചെറിയ ബുദ്ധിമുട്ട്‌ ഉണ്ടായേക്കാം. അത്‌ കഴിഞ്ഞാൽ പിന്നീട്‌ പാഡിലേക്ക്‌ തിരിച്ചു പോകാൻ മനസ്സ് മടിക്കും. പന്ത്രണ്ട്‌ മണിക്കൂറിന്‌ ശേഷം കപ്പ് പുറത്തെടുത്ത്‌ ആർത്തവരക്‌തം പുറത്ത്‌ കളഞ്ഞ്‌ സോപ്പിട്ട്‌ കഴുകി യോനിക്ക്‌ അകത്തേക്ക്‌ തിരിച്ചു വെക്കാം. കൂടുതൽ രക്‌തസ്രാവം ഉള്ള ദിവസങ്ങളിൽ ഇതിലേറെ തവണകൾ വൃത്തിയാക്കേണ്ടി വന്നേക്കാം.

പന്ത്രണ്ട് മണിക്കൂറിലേറെ വൃത്തിയാക്കാൻ വൈകിയാൽ അണുബാധക്ക്‌ സാധ്യത, ആദ്യമായി വാങ്ങുമ്പോഴുള്ള വില (പത്തു കൊല്ലത്തെ ചിലവോർക്കുമ്പോൾ നഷ്‌ടമേയല്ല), വെക്കാനും എടുക്കാനുമുള്ള ആദ്യകാല അസ്വസ്‌ഥത, വെച്ചത്‌ ശരിയായില്ലെങ്കിലോ കൃത്യമായ ഇടവേളകളിൽ രക്‌തം ഒഴിച്ചു കളഞ്ഞില്ലെങ്കിലോ സൈസ്‌ ശരിയായില്ലെങ്കിലോ വശങ്ങളിലൂടെ ലീക്ക്‌ ചെയ്യാനുള്ള സാധ്യത എന്നിവയാണ്‌ ദൂഷ്യങ്ങൾ. കോട്ടൺതുണി, സാനിറ്ററി നാപ്‌കിൻ, ടാംപൂൺ തുടങ്ങിയവയുടെ അസൗകര്യങ്ങൾ അപേക്ഷിച്ച് നോക്കുമ്പോൾ സ്വർഗമായ മെൻസ്‌ചുറൽ കപ്പ്‌ എങ്ങാണ്ടോ എത്തി നിൽക്കേണ്ടതാണ്‌.

എന്നിട്ടും എന്തുകൊണ്ടോ നമ്മൾ മുഖം തിരിച്ചു നിൽക്കുകയാണ്‌. ചിലതൊക്കെ പരീക്ഷിച്ച്‌ തന്നെ അറിയണമെന്ന്‌ പറയില്ലേ, ഇതും അതിലൊന്നാണ്‌…

വാൽക്കഷ്ണം : പാഡ്‌ വെച്ചിട്ടുള്ള നനവ്‌, ദുർഗന്ധം എന്നിവ കപ്പ് ഉപയോഗിക്കുമ്പോൾ ഉണ്ടാവില്ല. രാത്രി ഉറങ്ങാൻ അസ്വസ്‌ഥതയില്ല. യാത്രാ മദ്ധ്യേ പാഡ്‌ മാറ്റാൻ ടോയ്‌ലറ്റ് അന്വേഷിച്ച്‌ നടക്കേണ്ട, മൂത്രമൊഴിച്ച്‌ കഴുകുമ്പോൾ രക്‌തവുമായി മുഖാമുഖം നടത്തേണ്ട ബുദ്ധിമുട്ടുമില്ല. എല്ലാത്തിലുമുപരി, ‘ഈ പാഡ്‌ എവിടെക്കൊണ്ടുപോയി കളയുമോ എന്തോ’ എന്നോർത്ത്‌ ബേജാറാകേണ്ട കാര്യവുമില്ല. അത്രയും പരിസ്ഥിതി മലിനീകരണവും കുറയും. പത്തു വർഷത്തിന്‌ ഒരു കപ്പ്‌ മതി എന്നിരിക്കേ, മാസാമാസം പാഡ്‌ വാങ്ങുന്ന ചിലവ്‌ കൂടി കണക്കാക്കിയാൽ ലാഭക്കണക്കുകൾ മാത്രമേ ഈ ഗപ്പിനുള്ളൂ… ഉള്ളിലിങ്ങനൊരാൾ പതിയിരിപ്പുണ്ടെന്ന്‌ അറിയുക പോലുമില്ല. 😊

എഴുതിയത് – Dr. Shimna Azeez
FB : https://www.facebook.com

Continue Reading
Comments

More in Social Media

To Top