Connect with us

Chayakkada

യക്ഷറാന്തൽ അഥവാ ഫെയറി ലാന്റേൺസ്; വിനയരാജ് വിആർ എഴുതുന്നു

Social Media

യക്ഷറാന്തൽ അഥവാ ഫെയറി ലാന്റേൺസ്; വിനയരാജ് വിആർ എഴുതുന്നു

ഏറ്റവും വലിയ പുഷ്പങ്ങളിൽ ഒന്നായ ടൈറ്റാൻ ആരം സുമാത്രയിലെ വനാന്തരങ്ങളിൽ ആദ്യമായിക്കണ്ടെത്തി വിവരിച്ച ഇറ്റാലിക്കാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു ഒഡോആർഡോ ബെക്കാരി (Odoardo Beccari). നൂറുകണക്കിനു സസ്യങ്ങളെയും ജീവികളെയുമാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം അനേകം ജീവജാലങ്ങളുടെ ശാസ്ത്രീയനാമത്തിൽ ബെക്കാരിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. തിസ്മിയേസീ കുടുംബത്തിലെ തിസ്മിയ ജനുസിൽ ധരാളം സ്പീഷിസുകളുണ്ട്. പൂക്കളുടെ വിചിത്രങ്ങളായ ആകൃതികാരണം ഇവ യക്ഷറാന്തൽ (fairy lanterns) എന്നാണ് അറിയപ്പെടുന്നത്. തിസ്മിയയിലെ ഏറ്റവും കൂടുതൽ സ്പീഷിസുകളെ കണ്ടെത്തി വിവരിച്ചിട്ടുള്ളത് ബെക്കാരിയാണ്. ഏഴുവർഷത്തോളം അദ്ദേഹം പലതരം സസ്യങ്ങളെപ്പറ്റി പഠിക്കുന്നതിനായി സുമാത്രയിൽ ചെലവഴിച്ചു. ചെടികളുടെ സാമ്പിളുകൾ അദ്ദേഹം ശേഖരിച്ചവ ഇന്നും ഫ്ലോറൻസ് സർവ്വകലാശാലയിൽ സൂക്ഷിച്ചിട്ടുണ്ട്. പനവർഗ്ഗത്തിൽപ്പെട്ട ചെടികളിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന താൽപ്പര്യമെങ്കിലും ഒരു ചെടിയേയും അദ്ദേഹം വെറുതേവിട്ടില്ല. തിസ്മിയ ജനുസിൽ തന്നെ അദ്ദേഹം ആറെണ്ണത്തെ കണ്ടെത്തിവിവരിച്ചിട്ടുണ്ട്. (കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നും ആദ്യമായി തിസ്മിയ ജനുസിലെ ഒരു സസ്യത്തെ – തിസ്മിയ സഹ്യാദ്രിക്കയെ – കേരളത്തിലെ ആനമലയിൽ നിന്നും ഗവേഷകർ കണ്ടെത്തിയിരുന്നു).

1866 -ൽ ബെക്കാരി കണ്ടെത്തി വിവരിച്ച ഒരു തിസ്മിയ ജനുസാണ് തിസ്മിയ നെപ്‌റ്റ്യൂണിസ് (Thismia neptunis). തനിക്കുവേണ്ട പോഷകങ്ങൾ മുഴുവൻ മണ്ണിലുള്ള മറ്റൊരു ഫംഗസിൽ നിന്നും വലിച്ചെടുത്തുവളരുന്ന ഒരു പരാദസസ്യമാണ് ഇത്. ഇലകളും ക്ലോറോഫില്ലും ഇല്ലാത്ത – പ്രകാശസംശ്ലേഷണവും ചെയ്യാൻ പ്രാപ്തിയില്ലാത്ത ഈ ചെടി മണ്ണിനടിയിൽത്തന്നെയാവും വർഷത്തിൽ മിക്ക സമയവും. പുഷ്പിക്കുന്ന കാലത്ത് ഏതാനും ആഴ്ചകൾ മാത്രമേ ഈ ചെടിയെ കാണാൻ ആവുകയുള്ളൂ എന്നത് ഈ മൂന്നിഞ്ചുമാത്രം പൊക്കമുള്ള ചെടിയെ കണ്ടെത്താനുള്ള സാധ്യതകൾ വീണ്ടും കുറയ്‌ക്കുന്നു. 151 വർഷം മുൻപ് ബെക്കാരി ഈ ചെടിയെ കണ്ടെത്തിയതിനു ശേഷം ആരും ഇതിനെ കണ്ടിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞവർഷം 2017 – ൽ ചെക്കോസ്ലോവാക്യയിൽ നിന്നുമുള്ള ഒരു കൂട്ടം യുവശാസ്തജ്ഞർ ഈ ചെടിയെ വീണ്ടും കണ്ടെത്തിയത്. ബെക്കാരി ഈ ചെടി കണ്ടെത്തിയ പ്രദേശത്തുതന്നെയാണ് ഇവരും ഇതിനെ വീണ്ടും കണ്ടത്. ഇതിന്റെ ജീവിതരീതിയെപ്പറ്റി വലിയ അറിവൊന്നും ഇനിയും ലഭിച്ചിട്ടില്ല. ഏതാനും ഈച്ചകൾ ഇതിനെ ചുറ്റിപ്പറ്റിപ്പറക്കുന്നതുകണ്ടത് മിക്കവാറും ഈ ചെടിയുടെ പരാഗണത്തെ സഹായിക്കുന്നുണ്ടാവുമെന്നു കരുതുന്നു. ഏറ്റവും വേഗത്തിൽ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മഴക്കാടുകളിൽ നിന്നുമാണ് ഈ കണ്ടുപിടുത്തങ്ങൾ നടക്കുന്നതെന്നത് അവയെ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും വീണ്ടും എടുത്തുകാട്ടുന്നു. ഇനിയും ബെക്കാരി വിവരിച്ച രണ്ടു തിസ്മിയ സ്പീഷിസുകളെ കണ്ടെത്താനുണ്ട് എന്നത് ഗവേഷകരുടെ കൗതുകവും ജിജ്ഞാസയും വർദ്ധിപ്പിക്കുന്നുമുണ്ട്.

എഴുതിയത് : Vinaya Raj V R
FB : https://www.facebook.com/vinayrajvr

Continue Reading
Comments

More in Social Media

To Top