Connect with us

Chayakkada

ജീവലോകത്തെ വിചിത്ര ബന്ധങ്ങൾ; വിനയരാജ് എഴുതുന്നു

Social Media

ജീവലോകത്തെ വിചിത്ര ബന്ധങ്ങൾ; വിനയരാജ് എഴുതുന്നു

പരിണാമചരിത്രത്തിൽ ആദ്യമുണ്ടായത് സസ്യരൂപങ്ങളാണ്. പിന്നീടാണ് ജന്തുക്കൾ ഉണ്ടാവുന്നത്. രൂപംകൊണ്ട ജന്തുക്കൾക്കൊന്നിനും തന്നെ സസ്യങ്ങൾക്കുള്ള വലിയൊരു സവിശേഷത ഉണ്ടായിരുന്നില്ല, പ്രകാശസംശ്ലേഷണത്തിനുള്ള കഴിവ്. ഈ പരിപാടി കൊണ്ടുമാത്രമേ ഭക്ഷണം ഉണ്ടാക്കാനാവുകയുള്ളൂ. ചുരുക്കത്തിൽ എല്ലാ ജന്തുക്കൾക്കും സസ്യങ്ങളെക്കൂടാതെ ജീവിക്കാനേ ആവില്ല. ജന്തുക്കൾ ആഹരിച്ചുതുടങ്ങിയതോടെ തങ്ങളുടെ ജീവന്റെ നിലനിൽപ്പിനും സ്വയരക്ഷയ്ക്കും പലമാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിവന്നു ചെടികൾക്ക്. ഇങ്ങനെ തിന്നാനും തിന്നുന്നത് തടയാനുമുള്ള പോരാട്ടങ്ങളും അതിലെ ജയപരാജയങ്ങളും ഭൂമിയിലെ ജീവന്റെ ഓരോ കണത്തിലും കാണാവുന്നതാണ്.

ബ്രസീലിലെ അത്‌ലാന്റിക് വനങ്ങളിൽ കാണപ്പെടുന്ന ഒരു ചെറിയ ഓർക്കിഡാണ് ഡിക്കായിയ കോഗ്നിഓക്സിയാന (Dichaea cogniauxiana). മൊൻടെല്ല ജനുസിലെ ചില ചെറുവണ്ടുകളിൽ നിന്നും ഈ ചെടി അസാധാരണമായ ആക്രമണമാണ് നേരിടുന്നത്. ഇവയാകട്ടെ ഇന്നും ശാസ്ത്രലോകത്തിന് പുതിയ ഒരു ജീവിവിഭാഗമാണുതാനും. നമ്മുടെ ഓർക്കിഡിന്റെ ഇലകളൊന്നും ഈ വണ്ടുകൾ തിന്നുകയില്ല, പക്ഷേ പെൺവണ്ടുകൾ ഓർക്കിഡിന്റെ വളർന്നുവരുന്നകായകളിൽ മുട്ടയിടുകയും വിരിഞ്ഞിറങ്ങുന്ന ലാർവകൾ കായയുടെ ഉള്ളിലെ വിത്തുകൾ തിന്നുതുടങ്ങുകയും ചെയ്യുന്നു. ചുരുക്കത്തിൽ കായ വികസിച്ച് വിത്തുകൾ ഉണ്ടാകുന്നതുകാലേക്കൂട്ടിമനസ്സിലാക്കി നേരത്തെ തന്നെ വണ്ടുകൾ ഫലത്തിൽ മുട്ടയിടുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ സസ്യ-ജന്തുലോകത്തിൽ സാധാരണമാണുതാനും.

എന്നാൽ ചിലസവിശേഷമായ കാര്യങ്ങൾ ഈ ബന്ധത്തിൽ ഉണ്ട്. തങ്ങളുടെ ലാർവകൾക്ക് ഭക്ഷണമായി ഈ ഓർക്കിഡിന്റെ വിത്തുകൾ വേണ്ടതുകൊണ്ട് ഈ വണ്ടുകൾ ഓർക്കിഡിനെ പരാഗണത്തിൽ സഹായിക്കുന്നുണ്ട്. അതിനായി പെൺവണ്ടുകൾ പരാഗരേണുക്കൽ ശേഖരിച്ച് സ്റ്റിഗ്‌മയിൽ അവ നിക്ഷേപിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. ഒന്നും ചെയ്യാതിരുന്നാൽ വിരിഞ്ഞുവരുന്ന ലാർവകൾ ഓർക്കിഡിലെ കായയ്ക്കുള്ളിലെ വിത്തുകൾ മുഴുവൻ അകത്താക്കിത്തുടങ്ങും. പരാഗണത്തിനു സഹായിച്ചെങ്കിലും കാര്യമൊന്നുമില്ല ഉണ്ടാകുന്ന വിത്തുകൾ മുഴുവൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് ചെടിക്ക്. എന്നാൽ ഇവിടെയാണ് രസകരമായ മറ്റൊരു കാര്യം നടക്കുന്നത്.

ഒരുതരം കടന്നലുകൾ ഇവിടെ രംഗപ്രവേശം ചെയ്യുന്നു. മുട്ടയിടാൻ ഒരു സ്ഥലം അന്വേഷിക്കുന്നകടന്നലുകൾ ഈ ഓർക്കിഡിനടുത്തെത്തുന്നു, എന്നാൽ വിരിഞ്ഞുവരുന്നകടന്നൽ ലാർവകൾ ആവട്ടെ ഓർക്കിഡ് വിത്തുകൾ തിന്നുകയുമില്ല. കടന്നലുകൾ നമ്മുടെ ഓർക്കിഡ് തിന്നുന്ന വണ്ട് ലാർവകളുടെ ദേഹം തുളച്ച് അവിടെ മുട്ടയിടുന്നു. അതിനുള്ളിൽ വിരിഞ്ഞുവരുന്ന കടന്നൽ ലാർവകൾ വണ്ടുലാർവകളുടെ ഉള്ളിൽനിന്നും അവയെ തിന്നുതുടങ്ങുന്നു. രസം ഇവിടെയും തീരുന്നില്ല.

പോഷകസമൃദ്ധമായ സസ്യേതരഭക്ഷണം കഴിക്കുന്ന കടന്നൽ ലാർവകൾ വണ്ടുകളുടെ ലാർവകളേക്കാൾ വേഗത്തിൽ വളർന്നുതുടങ്ങുന്നു. വളർച്ചയെത്തി കടന്നൽ പുറത്തുവരുന്നതോടെ ഓർക്കിഡിന്റെ വിത്തുകൾ മുഴുവനും തിന്നുതീർക്കാൻ നേരംകിട്ടാത്ത വണ്ടിന്റെ ലാർവകൾ ചത്തുപോവുകയും വിത്തുകൾ കുറെയെണ്ണം ബാക്കിയാവുകയും ചെയ്യുന്നു. കാര്യം പരാഗണത്തിനുസഹായിച്ചെങ്കിലും വിത്തുകൾ മുഴുവൻ തിന്നുതീർക്കുന്ന വണ്ടുകളെ മറ്റൊരു ശത്രുവെത്തി പരാജയപ്പെടുത്തുന്നതിനാൽ ഓർക്കിഡ് രക്ഷപെടുന്നു. ജീവലോകത്തെ ബന്ധങ്ങളുടെ ആഴങ്ങളും കുശുമ്പും കുന്നായ്മകളും അന്യോന്യം തോൽപ്പിക്കാനും തോൽക്കാതിരിക്കാനുമുള്ള പോരുകളുടെ രീതികളും എത്രയോ അധികമാണ്. കണ്ടതിലുമെത്രയോ അധികമാവും കാണാനിരിക്കുന്നത് എന്നകാര്യം ഉറപ്പുമാണ്.

(ഗവേഷണപ്രബന്ധത്തിലേക്കുള്ള കണ്ണി: https://www.sciencedirect.com/…/artic…/pii/S0960982218301672 )

എഴുതിയത് : വിനയരാജ് വി ആർ
FB : https://www.facebook.com/vinayrajvr

Continue Reading
Comments

More in Social Media

To Top